Monday, February 16, 2015

വീണ്ടും ജന്മദിനം






                                                                  വീണ്ടും ജന്മദിനം.

ഇന്നെനിക്ക് 63 വയസ്സു തികയുന്നു.
എനിക്കു ദീർഘായുസ്സു നേർന്ന് ഒഴുകിയെത്തിയ സ്നേഹ സന്ദേശങ്ങൾക്ക് നന്ദി.നേരം പുലരുമ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ഭാഷാപോഷിണിയുടെ ഫെബ്രുവരി ലക്കം.അതിൽ  എന്റെ സ്നേഹിതനും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ  ശ്രീ  ഈ വാസുവിന്റെ ലേഖനമുണ്ട്,വായനക്കാരനുപേക്ഷിച്ച എഴുത്തുകാരന്റെ ആത്മകഥ.ഹൃദയസ്പർശിയായ ആഖ്യാനം.
   ലേഖനത്തിൽ  പരാമർശ്ശിക്കുന്ന എസ് രമേശൻ എന്ന കവിയും പത്രാധിപരും ഞാൻ തന്നെ.ശരിയാണ് സംസ്ഥാന സർക്കാരിന്റെ മാസികയായ ഗ്രാമഭൂമിയുടെ  പത്രാധിപരായിരുന്നു അന്നു ഞാൻ.ലേഖനത്തിൽ പറയുന്നതു പോലെ ബി ഡി ഓ ആയിരുന്നില്ല അന്നു ഞാൻ,മറിച്ച് ഡ്പ്പ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ!ശ്രീ  ഈ വാസുവിന്റെ കഥ ഗാന്ധിജയന്തി പതിപ്പിൽ പ്രസിദ്ധീകരിക്കുക വഴി രാഷ്ട്ര പിതാവിനെ പത്രാധിപർ നിന്ദിച്ചു എന്ന് ആരോപിച്ച് സമാദരണീയനായ കേരള മുഖ്യമന്ത്രി  ശ്രീ ഏ കെ ആന്റണി എന്നെ സർവ്വീസിൽ നിന്നു സസ്പെന്റു ചെയ്തതായി നിയമസഭയിൽ പ്രഖ്യാപിച്ചു.
    പത്രാധിപരുടെ രക്തത്തിനു വേണ്ടി ദാഹിച്ചിരുന്നവരുടെ ദുഷ്ടലാക്കായിരുന്നു ആന്റണിയുടെ പ്രഖ്യാപനത്തിനു പിന്നിൽ.മുഖ്യമന്ത്രിയുടെതല്ലാത്ത വകുപ്പിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമ സഭയിൽ ഒരു പ്രഖ്യാപനം നടത്തി സർവ്വീസിൽ നിന്നു സസ്പ്പെൻഡു ചെയ്യുന്നത് അസാധാരണ കാര്യമായി അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.സുകുമാർ അഴീക്കോടിനെപ്പോലയും പ്രൊഫ. എം എൻ വിജയനെയും  പ്രൊഫ. ഓ എൻ വി യെയും പോലുള്ള  മഹാ സാഹിത്യകാരന്മാരും പത്ര മാധ്യമങ്ങളും സർക്കാരിന്റെ നടപടിയിൽ  പ്രധിഷേധിച്ചു.
        എന്നെ അത്ഭുതപ്പേടുത്തിയത്  ഈ വാസുവിന്റെ ഭാഷാപോഷിണി ലേഖനത്തിൽ പറിഞ്ഞിരിക്കുന്ന  എന്നെ സർവ്വീസിൽ തിരിച്ചെടുത്തതിനെക്കുറിച്ചുള്ള പരാമർശ്ശ മാണ്.അഴീക്കോടും ഓഎൻ വിയും മറ്റും ചൂണ്ടിക്കാണിച്ചപ്പോൾ കഥയിൽ ഗാന്ധിനിന്ദയില്ലെന്ന് ആന്റണിക്കു മനസ്സിലായെന്നും അങ്ങനെ മണ്ടത്തരം തിരുത്തിയെന്നുമാണ്.
           ഇതു ശരിയല്ല .ബഹു:കേരളാ ഹൈക്കോടതി വിധിപ്രകാരമാണ് എന്നെ സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചത്.

Sunday, February 01, 2015

നാണം കെട്ട നാഷണൽ ഗയിംസ് ഉദ്ഘാടന ചടങ്ങുകൾ




നാഷണൽ ഗയിംസ് ഉദ്ഘാടനം കേരളത്തിനു നാണം മറയ്ക്കാൻ ഒരു കീറ ത്തുണിപോലുമില്ലാതാക്കി.
ഇന്നു രാവിലെ കണ്ട പത്രങ്ങളിലെല്ലാം കൈരളിയുടെ അന്തസ്സുയർത്തിപ്പിടിച്ച  ഉദ്ഘാടന ചടങ്ങുകൾ എന്നു വായിച്ചു വച്ച ഉടനെ  ചടങ്ങിന്റെ അവമാനകരമായ  ആരംഭമായിരുന്നു ഇതെന്ന സത്യമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ  പുറത്തു  വന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യ ഒന്നാകെ കേരളത്തിലേക്ക് എത്തിച്ചേരുമ്പോൾ  അന്തസുറ്റ സംസ്ഥാനമെന്നു പുകൾപെറ്റ കെരളം സങ്കുചിത വികാരങ്ങൾക്കതീതമായി അതിനെ എങ്ങനെ സ്വീകരിക്കണമെന്നതിന് ഒട്ടനവധി കേരള മാതൃകകൾ നമ്മുടെ മുന്നിലുണ്ട്.കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവം പോലുള്ള പരിപാടികൾ  ഉദാഹരണം.